ആകെ പേജ്‌കാഴ്‌ചകള്‍

2013, മാർച്ച് 28, വ്യാഴാഴ്‌ച

'ഗവി' പ്രകൃതിയുടെ സൗന്ദര്യച്ചെപ്പ്

പ്രകൃതിയുടെ സൗന്ദര്യച്ചെപ്പ് പൊട്ടിവീണത് ഗവി യിലാണെന്നു സംശയിക്കുന്ന സഞ്ചാരികള്‍ ഏറെയാണ്.  പ്രകൃതി ഗവിയില്‍ കാത്തുവച്ച അതേ  സൗന്ദര്യ ധാരാളിത്തമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നതും.  എത്ര വെയില്‍ വീണാലും കുളിരുവറ്റാതെ ഒഴുകുന്ന കാട്ടുചോലപോലെ ഏതുകാലത്തും വീശുന്ന ശാന്തതയുടെ ഇളംകാറ്റും ആഴങ്ങളിലേക്കു ചെല്ലുന്തോറും ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും കേട്ടിട്ടില്ലാത്ത ഗര്‍ജനങ്ങളും അങ്ങനെയങ്ങനെ കണ്ടും കേട്ടും കൊതിതീരാതെയാണ് ഗവിയിലെത്തുന്ന ഓരോ സഞ്ചാരിയും മടങ്ങുന്നത്.

സമുദ്രനിരപ്പില്‍നിന്ന് 3,400 അടി ഉയരത്തിലാണ് പത്തനംതിട്ട ജില്ലയിലെ ഗവി. പെരിയാര്‍ കടുവസംരക്ഷണ കേന്ദ്രത്തിനുള്ളില്‍. അതുകൊണ്ടുതന്നെ വന്യജീവികളുണ്ടാ കുമോയെന്ന് യാത്ര തുടങ്ങും മുമ്പ് ആര്‍ക്കും സംശയം വേണ്ട. കടുവ, ആന, മാന്‍, കരടി, മ്ലാവ്, സിംഹവാലന്‍കുരങ്ങ്, മലമുഴക്കി വേഴാമ്പല്‍, മരംകൊത്തികള്‍, മൈനകള്‍ തുടങ്ങി ഓര്‍മയിലേക്കു മറഞ്ഞുകൊണ്ടിരിക്കുന്ന മൃഗങ്ങളും പക്ഷികളുമെല്ലാം ഗവിക്കു സ്വന്തം.

സാഹസികസഞ്ചാരികളാണ് ഗവിയെ കൂടുതല്‍ പ്രണയിക്കുന്നത്. വന്യതയുടെ ഹൃദയമിടിപ്പു തൊട്ടറിഞ്ഞ് കാടിനുള്ളിലൂടെയുള്ള ട്രക്കിങ് മനസ്സില്‍ ഒരിക്കലും മായാത്ത ഓര്‍മയാകുമെന്നതുറപ്പ്. ഇക്കോ ടൂറിസം പദ്ധതിയായ ഗവിയിലെ വിനോദസഞ്ചാര സാധ്യതകളെ വികസിപ്പിച്ചു പരിപാലിക്കുന്നത് കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷനാണ്. സഞ്ചാരികള്‍ക്ക് സൗകര്യപ്രദമായ വിവിധ പാക്കേജുകള്‍ കോര്‍പറേഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ബുക്കിങ് സൗകര്യവുമുണ്ട്.

കൊല്ലം-മധുര ദേശീയപാത (എന്‍എച്ച് 220) യിലെ വണ്ടിപ്പെരിയാറില്‍ നിന്ന് 28 കിലോമീറ്ററാണ് ദൂരം. വള്ളക്കടവ് ചെക്പോസ്റ്റ് വഴിയാണ് പ്രവേശനം. കൊച്ചിയില്‍നിന്ന് കോട്ടയം, കാഞ്ഞിരപ്പിള്ളി, മുണ്ടക്കയം, അഴുത, വണ്ടിപ്പെരിയാര്‍ വഴിയും പാല, ഈരാറ്റുപേട്ട, വാഗമണ്‍, കോലാഹലമേട്, കുമളി, വണ്ടിപ്പെരിയാര്‍ വഴിയും ഗവിയിലെത്താം. കൊച്ചി, കോട്ടയം എന്നിവിടങ്ങളില്‍നിന്ന് വണ്ടിപ്പെരിയാറിന് ബസ്സര്‍വീസുണ്ട്. വണ്ടിപ്പെരിയാറില്‍നിന്ന് ജീപ്പ് വഴി ഗവിയിലെത്താം.
ഗവി ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഫോണ്‍: +914869223270, +914812582640, +919447201386.
 വെബ്സൈറ്റ്: http://gavi.kfdcecotourism.com.
email-: gavi@kfdcecotourism.com

'ചിദംബരം' കല്ലില്‍ കടഞ്ഞ കവിതപോലെ

വിസ്മയ കാഴ്ചകളൊരുക്കി ശില്‍പ്പഭംഗിയുടെ ദക്ഷിണേന്ത്യന്‍ കാഴ്ചകളില്‍ അദ്വിതീയമാണ് ചിദംബരം നടരാജക്ഷേത്രം. 40 ഏക്കറിലധികം ഭൂമിയില്‍ ശില്‍പ്പസൗന്ദര്യം പേറുന്ന ക്ഷേത്രസമുച്ചയം. ആനന്ദതാണ്ഡവമാടിയ നടരാജമൂര്‍ത്തി സര്‍വപ്രതാപങ്ങളോടെയും വാഴുന്നുവെന്ന് സങ്കല്‍പ്പിക്കപ്പെടുന്ന ദക്ഷിണേന്ത്യയിലെത്തന്നെ മഹാക്ഷേത്രങ്ങളിലൊന്ന്.

ചിദംബരം പട്ടണത്തിന്റെ കേന്ദ്രമായി 40 ഏക്കറിലധികം സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കേ ഗോപുരത്തില്‍ത്തന്നെ ചോളസാമ്രാജ്യത്തിന്റെ ക്ഷേത്രനിര്‍മാണ വൈദഗ്ധ്യം പ്രകടമാണ്.

ഭരതനാട്യത്തിലെ 108 കരണങ്ങള്‍ ഗോപുരത്തില്‍ കല്ലില്‍ കടഞ്ഞ കവിതപോലെ കൊത്തിവച്ചിരിക്കുന്നു. ക്ഷേത്രത്തിനുള്ളില്‍ കടന്നാല്‍ ആദ്യം ദൃശ്യമാവുക പ്രസിദ്ധമായ ആയിരംകാല്‍ മണ്ഡപമാണ്. മണ്ഡപം കടന്നുചെല്ലുന്നിടത്ത് പ്രധാന പ്രതിഷ്ഠയായ ആനന്ദതാണ്ഡവ സങ്കല്‍പ്പത്തിലെ നടരാജവിഗ്രഹം. സഭകളെന്നറിയപ്പെടുന്ന മണ്ഡപങ്ങളാണ് മറ്റൊരു പ്രത്യേകത. ശ്രീകോവില്‍ ചിത്സഭയെന്നറിയപ്പെടുന്നു. മുകളില്‍ 26,000 ലധികം സ്വര്‍ണഇലകള്‍കൊണ്ടു പൊതിഞ്ഞ ചിത്സഭ ദൃശ്യവിസ്മയംതന്നെ സമ്മാനിക്കും.


കൊടിമരത്തോടു ചേര്‍ന്ന് നൃത്തസഭ. ആയിരംകാല്‍ മണ്ഡപം രാജസഭയാണ്. ഇതിനോടുചേര്‍ന്ന് ദേവസഭയും. എല്ലാം കൊത്തുപണികളാല്‍ സമ്പുഷ്ടം.

ശിവഗംഗയെന്നറിയപ്പെടുന്ന ക്ഷേത്രക്കുളമാണ് മറ്റൊരു ആകര്‍ഷണം. പിതൃതര്‍പ്പണത്തിനും മറ്റുമായി നിരവധി ഭക്തര്‍ ദിവസേന ഇവിടെയെത്തുന്നു.

 എറണാകുളത്തുനിന്ന് പാലക്കാട്, കോയമ്പത്തൂര്‍, സേലംവഴി 520 കിലോമീറ്ററുണ്ട്. കോതമംഗലം, നേര്യമംഗലം, അടിമാലി, പൂപ്പാറ, ബോഡിനായ്ക്കന്നൂര്‍, തേനിവഴിയോ ഇടുക്കി, കുമളി, കമ്പംതേനി, തേനിവഴിയോ തിരുച്ചിറപ്പിള്ളിയിലെത്തിയും ചിദംബരത്തെത്താം. 560 കിലോമീറ്ററുണ്ട്.

നയമനോഹരം, അതിരപ്പിള്ളി വെള്ളച്ചാട്ടം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നയനമനോഹരമായ ഒരു ജലപാതമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്.വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമായിരുന്നു ഇവിടം.മലയാളം, തമിഴ്, ഹിന്ദി സിനിമകളുടെ ഒരു ഇഷ്ടലൊക്കേഷൻ കൂടിയാണ്‌ ആതിരപ്പിള്ളി.

 ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികൾ കൂടുതലായി സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ബാഹുല്യം ഇവിടത്തെ പ്രകൃതി-പരിസ്ഥിതി വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. അടുത്ത് രണ്ടു സ്ഥലങ്ങളിലായി ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം എന്നിവ കാണാം.
ചാർപ്പ വെള്ളച്ചാട്ടം


അതിരപ്പള്ളി ജലപാതത്തിന് ഇരു പാർശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറയാണ്. ഇരുൾ, ഇലവ്, വെൺതേക്ക്, മരുത്, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക്, വീട്ടി തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങൾ ഇവിടെ വളരുന്നു. വേഴാമ്പൽ, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനപ്രദേശം. കാടർ, മലയർ, തുടങ്ങിയ ആദിവാസിവിഭാഗങ്ങൾ ഇവിടത്തെ വനങ്ങളിൽ നിവസിക്കുന്നു.
-------------------------

ചാലക്കുടിക്ക് 30 കിലോമീറ്റർ കിഴക്കായും,തൃശ്ശൂരിൽനിന്നും ഏകദേശം 32 കിലോമീറ്റർ തെക്കു കിഴക്കായുമാണ് ചാലക്കുടിപ്പുഴയിലുള്ള നയനമനോഹരമായ ഈ വെള്ളച്ചാട്ടം. ഇത് ചാലക്കുടി - വാൽപ്പാ‍റ റോഡിനരികിലാണ് . വാഴച്ചാൽ വെള്ളച്ചാട്ടം 5 കിലോമീറ്റർ അകലെ ഇതേ റോഡരുകിൽ തന്നെയാണ്.
 .......................................
 സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്‌:
വാഴച്ചാലിൽ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അപകട സാദ്ധ്യതയും മുന്നറിയിപ്പ് ബോർഡുകളും വകവയ്ക്കാതെ അലക്ഷ്യമായി വെള്ളത്തിലിറങ്ങിയുള്ള വിനോദങ്ങൾ പലപ്പോഴായി 35-ൽ ഏറെ ആളുകളുടെ- കൂടുതലും യുവാക്കളുടെ - ജീവഹാനിക്ക് ഇടയാക്കിയിട്ടുണ്ട്.

ഹൊഗനക്കല്‍- കാനനഛായയില്‍ കളിവള്ളം തുഴയാന്‍

വന്‍മരങ്ങളുടെ കാനനഛായ. പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ നിന്ന് പരന്നൊഴുകുന്ന കാവേരി, ചിന്നച്ചിതറി താഴേക്ക് പതിക്കുന്ന അനേകം ജലപാതങ്ങളാണ് ഹൊഗനക്കലിന്റെ സൗന്ദര്യം.
മനസ്സില്‍ സന്തോഷം നുരയിടുംവിധം പതഞ്ഞൊഴുകുന്ന കാവേരിനദിയിലെ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍. കാടിന്റെയും നാടിന്റെയും പച്ചപ്പ്. കാര്‍ഷിക സംസ്‌കൃതിയുടെ വിശാലത. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിരയിലേക്ക് അതിവേഗം വണ്ടികയറിയെത്തിയ ഹൊഗനക്കല്‍ എന്ന കൊച്ചു ഗ്രാമത്തെ എങ്ങനെ വേണമെങ്കിലും വിശേഷിപ്പിക്കാം. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലാണ് ഹൊഗനക്കല്‍.

കൊട്ടവള്ളം കയറിയുള്ള സാഹസികയാത്രയാണ് ഹൊഗനക്കലിലെത്തുന്നവര്‍ക്കുള്ള ഏറ്റവും വലിയ സമ്മാനം.
തമിഴന്‍ പെരിസല്‍ എന്നു വിളിക്കുന്ന കൊട്ടവള്ളത്തിന് ഏതാണ്ട് രണ്ടര മീറ്റര്‍ വ്യാസം വരും. അഞ്ചാള്‍ക്ക് സുഖമായിരിക്കാം. ചമ്രക്കാലും പൂട്ടിയിരിക്കണം. ഒരു പ്രത്യേക രീതിയില്‍ മുട്ടുകുത്തിയിരുന്നാണ് ഒറ്റത്തുഴ വച്ച് തോണിക്കാരന്‍ വള്ളമൂന്നുന്നത്.
മുളകീറിയത് വരിഞ്ഞാണ് കുട്ടവള്ളമുണ്ടാക്കുന്നത്. അടിയില്‍ വെള്ളം കയറാതിരിക്കാന്‍ പ്‌ളാസ്റ്റിക് വച്ചുകെട്ടും. പുറത്തായി താറും ഉരുക്കിച്ചേര്‍ക്കും. ഒരരുകില്‍ കെട്ടിവച്ച തുഴ ഉപയോഗിച്ചാണ് തുഴയുന്നത്. തീരെ ആഴം കുറഞ്ഞ സ്ഥലങ്ങളില്‍ യാത്രക്കാരെ ഇറക്കി, തുഴച്ചില്‍കാരന്‍ കുട്ടവള്ളം ചുമന്നുകൊണ്ട് നടക്കും.

വിശാലമായി പരന്നൊഴുകുന്ന കാവേരി ഹൊഗനക്കലിലെത്തുമ്പോള്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നേര്‍ത്ത് കൂടുതല്‍ വന്യമാകും. ഒപ്പം കുഞ്ഞുകുഞ്ഞു വെള്ളച്ചാട്ടങ്ങളും. നഭപുകയുന്ന പാറനഭ എന്നാണ് ഹൊഗനക്കലിന്റെ അര്‍ഥം. കണ്ടിട്ടുള്ളവര്‍ക്ക് അതില്‍ സംശയം തോന്നുകയേയില്ല. വെള്ളച്ചാട്ടങ്ങള്‍ ചിതറുന്ന നീര്‍കണങ്ങള്‍ മഞ്ഞിന്റെയോ പുകയുടേയോ നേര്‍ത്ത ആവരണമായി മാത്രമേ കാണാനാകൂ. മേല്‍ഗിരി മലകളില്‍ ട്രക്കിങ്ങിനും അവസരമുണ്ട്.

ഹൊഗനക്കലില്‍ പോകാന്‍ പറ്റിയ സമയം, ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌.

എത്തിച്ചേരാന്‍, ബാംഗളൂര്‍, 124 കിലോമീറ്റര്‍, യേര്‍ക്കാട്‌, 114 കിലോമീറ്റര്‍.

സേലമാണ് അടുത്ത റെയില്‍വേസ്റ്റേഷന്‍. ഇവിടെനിന്ന് 114 കിലോമീറ്ററാണ് ദൂരം. എറണാകുളത്തുനിന്ന് പാലക്കാടുവഴി വടക്കോട്ടു പോകുന്ന ദുരന്തോ ഒഴികെയുള്ള മിക്കവാറും ട്രെയിനുകള്‍ക്കും സേലത്ത് സ്റ്റോപ്പുണ്ട്. ആറരമുതല്‍ ഏഴര മണിക്കൂര്‍ വരെ ട്രെയിന്‍യാത്രയ്‌ക്കെടുക്കും. സേലം -മേച്ചേരി -പെണ്‍നഗരം വഴി ഹൊഗനക്കലിലെത്താം. 1500 രൂപയാണ് ടാക്‌സിനിരക്ക്.

ബേക്കല്‍ കോട്ട- സമുദ്രാധിപത്യത്തിന്റെ പ്രതിരോധ ദുര്‍ഗം

സംസ്‌കാരവൈവിധ്യങ്ങളുടെ സംഗമഭൂമിയായ കാസര്‍കോട് കടലും കരയും പുണരുന്നതിന്റെ മതിവരാത്ത കാഴ്ചയൊരുക്കിയാണ് ബേക്കല്‍ കോട്ടയുടെ നില്‍പ്. ബേക്കല്‍ കോട്ടയ്ക്കു താഴെ അറബിക്കടലിലെ തിരകള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ തീരം തേടുന്നത് സഞ്ചാരികളുടെ ഓര്‍മയില്‍ എക്കാലവും നിറയുന്ന വിസ്മയക്കാഴ്ചയാണ്.
 16ാം നൂറ്റാണ്ടില്‍ തളിക്കോട്ട യുദ്ധത്തിനുശേഷം തുളുനാട്ടില്‍ ആധിപത്യം ഉറപ്പിച്ച കോലാടി നായ്ക്കരാണ് ബേക്കല്‍ കോട്ട പണികഴിപ്പിച്ചത്. രാജ്യത്തെ മറ്റു പ്രധാന കോട്ടകളില്‍നിന്നു വ്യത്യസ്തമായി ഭരണപരമായ കാര്യങ്ങളൊന്നും ബേക്കല്‍ കോട്ടയില്‍ നടന്നിരുന്നില്ല. കടലിലെ ആധിപത്യം ഉറപ്പിക്കുന്നതിനുള്ള പ്രതിരോധ ദുര്‍ഗമായാണ് കോലാടി നായ്ക്കരും പിന്നീടുവന്ന മൈസൂര്‍ സുല്‍ത്താന്‍ ഹൈദര്‍ അലിയും ടിപ്പു സുല്‍ത്താനുമെല്ലാം ബേക്കലിനെ നിലനിര്‍ത്തിയത്. ടിപ്പുവിന്റെ മരണശേഷം കോട്ടയുടെ നിയന്ത്രണം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ വന്നുചേര്‍ന്നു. ആക്രമണത്തിനും പ്രതിരോധത്തിനുമുള്ള സംവിധാനങ്ങള്‍ക്കൊപ്പം നിര്‍മാണ വൈദഗ്ധ്യവും കോട്ടയെ വേറിട്ടുനിര്‍ത്തുന്നു.
 കോട്ടയ്ക്കുള്ളിലെ നഭമുഖ്യപ്രാണനഭ (ഹനുമാന്‍)ക്ഷേത്രവും കോട്ടയ്ക്കു സമീപം ടിപ്പു സുലത്താന്റെ കാലത്തു നിര്‍മിച്ച മസ്ജിദുമെല്ലാം മതസഹാര്‍ദത്തിന്റെ ചരിത്രസ്മരണകള്‍ പേറുന്നവയാണ്.
 താക്കോല്‍പ്പഴുതിന്റെ ആകൃതിയില്‍ കടലിലേക്കു തലയുയര്‍ത്തി നില്‍ക്കുന്ന മുകള്‍ഭാഗമാണ് ഏറ്റവും വലിയ ആകര്‍ഷണം. ഇവിടെനിന്നുള്ള അറബിക്കടലിന്റെ കാഴ്ച ഏറ്റവും മനോഹരമാണ്. നഭബോംബെനഭ എന്ന ചിത്രത്തില്‍ എ ആര്‍ റഹ്മാന്‍ ഈണം പകര്‍ന്ന നഭഉയിരേനഭ എന്ന ഗാനത്തിന് ദൃശ്യഭംഗി പകര്‍ന്നതും ബേക്കല്‍ കോട്ടയാണ്.

കാഞ്ഞങ്ങാടാണ് അടുത്ത റെയില്‍വേസ്റ്റേഷന്‍ 12 കിലോമീറ്റര്‍. എന്‍എച്ച് 17 ലൂടെ ഇടപ്പള്ളി, പറവൂര്‍, കൊടുങ്ങല്ലൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍ നീലേശ്വരം, കാഞ്ഞങ്ങാട് പള്ളിക്കര വഴി 362 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബേക്കലിലെത്താം. മംഗളൂരുവാണ് അടുത്ത വിമാനത്താവളം 68 കിലോമീറ്റര്‍.

ആഗുംബെ: ചാറ്റല്‍മഴയുടെ കൈപിടിച്ച് പിന്നെ...



ആഗുംബെയിലെ ചാറ്റല്‍മഴ
ണ്‍സൂണ്‍ ടൂറിസത്തിന്റെ നുത്ത സൗന്ദര്യം ആസ്വദിക്കാന്‍ കൊതിക്കുന്നവരെ കാത്ത് മഴയുടെ പട്ടുനൂലുകളൊരുക്കി ആഗുംബെ കാത്തിരിക്കുന്നു. വേനലിന്റെ കാഠിന്യത്തില്‍നിന്നും ഉണര്‍വുനേടാന്‍ ആഗുംബെയിലൂടെ ചാറ്റല്‍മഴയുടെ കൈപിടിച്ച് മെല്ലെയുള്ള നടത്തത്തെക്കാള്‍ നല്ല ഔഷധം ലഭ്യമല്ലെന്ന് ഒരിക്കലെങ്കിലും ഇവിടെയെത്തിയിട്ടുള്ളവരുടെ സാക്ഷ്യപത്രം. പോയകാലം സമ്മാനിച്ച നഷ്ടങ്ങളുടെ ഓര്‍മകള്‍ കഴുകിമാറ്റാന്‍ ആഗുംബെയിലെ പുലര്‍കാലങ്ങളില്‍ വന്നുനിറയുന്ന നേര്‍ത്ത മഞ്ഞുതന്നെ ധാരാളം. കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലാണ് പ്രകൃതിസ്നേഹികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ ആഗുംബെ. ഷിമോഗ, ഉഡുപ്പി ജില്ലകളുടെ അതിര്‍ത്തിയില്‍ പശ്ചിമഘട്ട മലനിരകളുടെ മുഴുവന്‍ സന്ദര്യവും ഉള്‍ച്ചേര്‍ന്ന നിത്യഹരിത വനപ്രദേശം. ചിറാപ്പുഞ്ചിക്കു തൊട്ടുപിന്നില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന സ്ഥലംകൂടിയാണ് ആഗുംബെ. ആര്‍ കെ നാരായന്റെ മാല്‍ഗുഡി ഡേയ്‌സിലെ മാല്‍ഗുഡിക്ക് ദൃശ്യഭംഗി പകര്‍ന്നതും മറ്റെങ്ങുമല്ല.

ട്രക്കിങ്

പ്രകൃതിഭംഗി കഴിഞ്ഞാല്‍ ഏറ്റവുമധികം സഞ്ചാരികളെ ആഗുംബേയിലേക്ക് ആകര്‍ഷിക്കുന്നത് ട്രക്കിങ്ങാണ്.നരസിംഹപര്‍വതം വഴി ശൃംഗേരിയിലേക്കുള്ള ട്രക്കിങ് ജീവിതത്തിലെ ഏറ്റവും മനോഹരവും സാഹസികവുമായ നിമിഷങ്ങളായിരിക്കും സമ്മാനിക്കുകയെന്ന് സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. നരസിംഹപര്‍വതത്തില്‍നിന്നുള്ള സൂര്യാസ്തമയദൃശ്യവും മറക്കാനാകാത്തതായിരിക്കും. മനുഷ്യന്റെ കോടാലിക്കൈകളില്‍നിന്ന് ആഗുംബെയിലെ മഴക്കാടുകളെ വലിയൊരളവുവരെ സംരക്ഷിക്കുന്നത് നാഗരാജാവാണെന്നു പറഞ്ഞാലും തെറ്റില്ല.

ദക്ഷിണേന്ത്യയില്‍ത്തന്നെ ഏറ്റവുമധികം രാജവെമ്പാലകളുള്ളത് ആഗുംബെയിലെ മഴക്കാടുകളിലാണ്. കൂടാതെ കടുവ, പുള്ളിപ്പുലി, ആന, വിവിധയിനം മാനുകള്‍, കരടി തുടങ്ങിയവയുടെയും പ്രിയപ്പെട്ട ഇടമാണ് ഇവിടം. ദക്ഷിണേന്ത്യയിലെ മഴക്കാടുകളെക്കുറിച്ചു പഠിക്കുന്ന ആഗുംബെ റെയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷന്‍ ലോകത്തെതന്നെ ആദ്യ രാജവെമ്പാലസംരക്ഷണകേന്ദ്രമായി പ്രദേശത്തെ മാറ്റാന്‍ ലക്ഷ്യമിടുന്നു.

ഇതുവഴി പോകാം

കൊച്ചിയില്‍നിന്ന് എന്‍എച്ച് 17ലൂടെ മംഗളൂരുവിനുസമീപം വാമഞ്ചൂര്‍, മൂഡബിദ്രി, വാറങ്ക, സോമേശ്വര്‍വഴി ആഗുംബെയിലെത്താം.550 കിലോമീറ്ററാണ് ദൂരം. കൊങ്കണ്‍പാതയില്‍ ഉഡുപ്പിയാണ് ഏറ്റവുമടുത്ത റെയില്‍വേസ്റ്റേഷന്‍. ഇവിടെനിന്ന് 54 കിലോമീറ്ററുണ്ട് ആഗുംബെയിലേക്ക്.


കടപ്പാട്: ദേശാഭിമാനി

കോവളം: ഈ മനോഹരതീരത്ത് തരുമോ...


തോപ്പുകളും, കളങ്കപ്പെടാത്ത കടല്‍ത്തീരങ്ങളും കെണ്ട് അനുഗ്രഹീതമായ മനോഹരതീരമാണ് കോവളം. മത്സ്യബന്ധനഗ്രാമമായിരുന്ന കോവളം ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ വരെ സ്ഥാനം പിടിച്ച തരത്തിലുള്ള വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 16 കി മി മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന കോവളം പ്രസന്നമായ കാലാവസ്ഥ കൊണ്ടും അനുഗൃഹീതമാണ്.
 കോവളം അന്താരാഷ്ട്ര പ്രശസ്തമായ ഒരു ബീച്ചാണ്. തൊട്ടടുത്തായി മൂന്നു ബീച്ചുകള്‍ ഇവിടെയുണ്ട്. 1930-കള്‍ മുതല്‍ യൂറോപ്യന്‍മാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രമാണ്.ഉയരമുള്ള പാറക്കെട്ടുകള്‍,  ഓളങ്ങളില്ലാത്ത ആഴംകുറഞ്ഞ സമുദ്രഭാഗം--- ഇവയെല്ലാം നിലാവുള്ള രാത്രിയില്‍ ഈ പ്രദേശത്തിന് അതുല്യമായ ശോഭ നല്‍കുന്നു.

പ്രകൃതി രമണീയമായ ഒരു സ്ഥലമെന്നതു പോലെ തന്നെ സന്ദര്‍ശകര്‍ക്ക് ആവശ്യമുള്ള താമസസ്ഥലം, വിവിധ രീതിയിലുള്ള ഭക്ഷണം എന്നിവും കോവളത്ത് ലഭ്യമാണ്. രുചികരമായ സമുദ്രഭക്ഷണം പ്രത്യേകം എടുത്തു പറയേണ്ടതാണ്. ആയുര്‍വേദ വിധിപ്രകാരമുള്ള തിരുമ്മുശാലകള്‍ ശരീരത്തിന്റെ ആരോഗ്യവും, പ്രസരിപ്പും വര്‍ദ്ധിപ്പിക്കുന്നു. യാഗ, ജലകേളികള്‍ക്കുള്ള ഉപാധികള്‍ എന്നിവയും ഈ ടൂറിസ്റ് കേന്ദ്രത്തിന്റെ ആകര്‍ഷകണീയത വര്‍ദ്ധിപ്പിക്കുന്നു.

കടലിലേക്ക് 100 മീറ്ററോളം ഉള്ളിലേക്ക് ആഴം തീരെ കുറവായതിനാല്‍ അവിടെ സുരക്ഷിതമായി സമുദ്രസ്നാനം ചെയ്യാനുള്ള സൗകര്യമുണ്ട്. സമുദ്ര സ്നാനത്തിനും, സൂര്യസ്നാനത്തിനുമായി ധാരാളം സന്ദര്‍ശകര്‍ ഇവിടെയെത്തുന്നു. കേരളത്തില്‍ നിന്നുള്ള കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കു പുറമെ കശ്മീര്‍, കര്‍ണാടകം ഏന്നീ പ്രദേശങ്ങളില്‍ നിന്നുള്ള ശില്പങ്ങളും, പരവതാനി മുതലായവയും ഇവിടെ ലഭിക്കും.

കടപ്പുറത്തുള്ള ടൂറിസ്റ് ഇന്‍ഫൊര്‍മേഷന്‍ ഔഫീസില്‍ നിന്നും സന്ദര്‍ശകര്‍ക്ക് ആവശ്യമുള്ള എല്ലാ വിവരങ്ങള്‍ക്കും പുറമേ അവര്‍ക്ക് ഇ-മെയില്‍ പരിശോധിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.


സന്ദര്‍ശനത്തിന് ഉചിതമായ സമയം - സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ.


യാത്രാ സൗകര്യം.

  • സമീപ റെയില്‍വേ സ്റ്റേഷന്‍ തിരുവനന്തപുരം സെന്‍ട്രല്‍., 16. കി.മി വരെ
  • സമീപ വിമാനത്താവളം. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, 10. കി.മി.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് കോവളത്തേയ്ക്കുള്ള ദൂരം താഴേ ചേര്‍ക്കുന്നു




തിരുവനന്തപുരം
കന്യാകുമാരി
പത്മനാഭപുരം കൊട്ടാരം
ശുചീന്ദ്രം ക്ഷേത്രം
വര്‍ക്കല
ആലപ്പുഴ
പൊന്‍മുടി
കൊച്ചി
കുമരകം
കോട്ടയം
തേക്കടി
തൃശ്ശൂര്‍
16 കി മീ
87 കി മീ
53 കി മീ
74 കി മീ
69 കി മീ
172 കി മീ
77 കി മി
238 കി മീ
172 കി മീ
170 കി മീ
270 കി മീ
315 കി മീ

2013, ഫെബ്രുവരി 24, ഞായറാഴ്‌ച

വെടിക്കെട്ടില്ലെങ്കിലും ആറാട്ടുപുഴ പൂരം കെങ്കേമം

കേരളത്തിലെ ഏറ്റവും പുരാതനമായ പൂരോത്സവമാണ് ആറാട്ടുപുഴയിലെ അയ്യപ്പ (ശാസ്താവ്) ക്ഷേത്രത്തിലേത്. അറുപതോളം ആനകള്‍ നെറ്റിപ്പട്ടമണിഞ്ഞ് മുത്തുക്കുടചൂടി അണിനിരക്കുന്ന അപൂര്‍വമായ ദൃശ്യവിസ്മയമാണിത്. സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്നുള്ള ദേവീദേവന്മാര്‍ ആനപ്പുറത്തേറി ആറാട്ടുപുഴ ശാസ്താവിന്റെ തിരുമുറ്റത്തെത്തുന്നതാണ് ഈ ഉത്സവം. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ നിന്നുള്ള തൃപ്രയാറപ്പനുമായി അവിടത്തെ ഗജവീരന്‍ കൂടി എത്തുന്നതോടെ പൂരം മാസ്മര പ്രഭയോടെ ഉച്ചസ്ഥായിയിലെത്തും.
തൃശൂര്‍ ടൗണില്‍ നിന്നും പതിനാല് കിലോമീറ്റര്‍ തെക്കുമാറിയാണ് പെരുവനം ആറാട്ടുപുഴ ക്ഷേത്രം. ശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ. പൂരം നടക്കുന്ന അപൂര്‍വം ശാസ്താ ക്ഷേത്രങ്ങളില്‍ ഒന്ന് എന്ന പെരുമയും ഇതിനുണ്ട്.ഏറ്റവുമധികം ദേവീ ദേവന്മാരും ആനകളും പങ്കെടുക്കുന്ന ആറാട്ടുപുഴ പൂരം കൊണ്ടാടുന്നു. ആറാട്ടുപുഴയിലെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിനു മുന്നിലെ വിശാലമായ പാടത്ത് രാത്രിയാണ് പൂരം നടക്കുന്നത്.പഴക്കം, പെരുമ, വലുപ്പം, ആചാരങ്ങള്‍, ആനകളുടെ എണ്ണം ഇവയെല്ലാം കൊണ്ടാണ് ആറാട്ടുപുഴ പൂരം കേമമാവുന്നത്. ഇവിടെ പൂരത്തിന് വെടിക്കെട്ടില്ല എന്നത് ശ്രദ്ധേയമാണ്.
പരശുരാമന്‍ കേരളത്തെ 64 ഗ്രാമങ്ങളാക്കി വിഭജിച്ചു എന്നാണല്ലോ ഐതിഹ്യം. അതില്‍ പ്രധാനമാണ് പെരുവനം. ആറാട്ടുപുഴ ക്ഷേത്ര ചുവരില്‍ കൊത്തിയ ‘ആയതു ശിവലോകം’ എന്ന സംഖ്യാ വാചകം ക്രിസ്തു വര്‍ഷം 583 ല്‍ ക്ഷേത്രം പണിതു എന്ന് സൂചന നല്‍കുന്നു.
ആറാട്ടുപുഴയില്‍ ഏഴു ദിവസത്തെ ഉല്‍സവമാണ്. ആറാം ദിവസമാണ് പൂരം. ഏഴാം നാള്‍ ആറാട്ടോടെ സമാപനം. മുമ്പ് 108 ക്ഷേത്രങ്ങളില്‍ നിന്നുള്ള 108 ദേവന്മാര്‍ പൂരത്തിന് പങ്കെടുത്തിരുന്നു. ഇന്നത് 61 ക്ഷേത്രങ്ങളില്‍ നിന്നുള്ളതായി ചുരുങ്ങി. 28 ദിവസമുണ്ടായിരുന്ന പൂരം ഏഴു ദിവസമായി. മുമ്പ്100 ആനകളുണ്ടായിരുന്നു. ഇപ്പോഴത് 61 ആയി.
പെരുവനം ഗ്രാമത്തിന്റെ നാലതിര്‍ത്തികളിലായി ഓരോ ശാസ്താ ക്ഷേത്രങ്ങളുണ്ട്. വടക്ക് അകമല, കിഴക്ക് കുതിരാന്‍, തെക്ക് ഊഴത്ത്, പടിഞ്ഞാറ് എടത്തിരുത്തി. ഇവയും പൂരത്തില്‍ സജീവമായി പങ്കെടുക്കുന്നു.
ആറാട്ടുപുഴ ശാസ്താവിനെ കാണാന്‍ പൂരം നാളില്‍ നാനാദിക്കില്‍ നിന്നും ദേവതമാര്‍ പല നേരത്തായി ക്ഷേത്രത്തിലെത്തുന്നു. അന്ന് ആറാട്ടുപുഴ ശാസ്താവിനാണ് പ്രാധാന്യം. എന്നാല്‍ പിറ്റേന്നു നടക്കുന്ന ഉല്‍സവത്തില്‍ തൃപ്രയാര്‍ തേവര്‍ക്കാണ് സ്ഥാനം. പെരുവനം മഹാദേവര്‍ ക്ഷേത്രത്തിലെ ഇരട്ടിയപ്പന്‍ പൂരം ഘോഷയാത്രയില്‍ പുറത്തെഴുന്നള്ളാറില്ല എന്നത് ശ്രദ്ദേയമാണ്.
ഒരാഴ്ചത്തെ പൂരം പുറപ്പാടിനു പരിസമാപ്തി കുറിച്ചുകൊണ്ട് നടക്കുന്ന പൂരത്തില്‍ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് ആദ്യം എഴുന്നെള്ളും. വൈകിട്ട് ആറു മണിക്ക് ഒമ്പത് ഗജവീരന്മാരുടെ അകമ്പടിയോടെയാണ് ശാസ്താവ് എഴുന്നെള്ളുക. പാഞ്ചാരിമേളം എഴുന്നെള്ളത്തിന് മാറ്റ് കൂട്ടും.
തുടര്‍ന്ന് മറ്റു ദേവീദേവന്മാരുടെ എഴുന്നെള്ളത്താണ് . തൃപ്രയാര്‍ തേവര്‍, ഊരകത്തമ്മ തിരുവടി, ചേര്‍പ്പ് , അന്തിക്കാട്, തൊട്ടിപ്പാള്‍, പിഷാരിക്കല്‍, എടക്കുന്നി, അയ്യുന്ന്, തൈക്കാട്ടുശേരി, കടുപ്പശേരി, ചൂരക്കോട്, പുന്നിലാര്‍കാവ്, കാട്ടുപിഷാരിക്കല്‍ എന്നീ ഭഗവതിമാരും ചാത്തക്കുടത്ത് , ചക്കംകുളങ്ങര, കോടന്നൂര്, നാങ്കുളം, മാട്ടില്‍, നെട്ടിശേരി , കല്ലേലി, ചിറ്റിച്ചാത്തക്കുടം, മേടംകുളം എന്നീ ശാസ്താക്കന്മാരുമാണ് പൂരത്തില്‍ പങ്കെടുക്കുന്നത്.
എഴുന്നെള്ളത്തുകള്‍ക്കു ശേഷം വെടിക്കെട്ടുണ്ടായിരിക്കും. പുലര്‍ച്ചെ മൂന്നിന് കൂട്ടിയെഴുന്നെള്ളിപ്പ്. രാജകീയ പ്രൗഢിയോടെ തൃപ്രയാര്‍ തേവരും ഇടത്തുഭാഗത്ത് ചാത്തക്കുടത്ത് ശാസ്താവിനോടൊപ്പം ഊരകത്തമ്മ തിരുവടിയും വലത്തുഭാഗത്ത് ചേര്‍പ്പ് ഭഗവതിയും എഴുന്നെള്ളും. കൂട്ടിയെഴുന്നെള്ളിപ്പിന് 71 ആനകളാണ് അണി നിരക്കുക.
കൂട്ടിയെഴുന്നെള്ളിപ്പിനെ പ്രദക്ഷിണം വച്ചു ഭക്തര്‍ മന്ദാരം കടവില്‍ ദേവീദേവന്മാരുടെ ആറാട്ടിലും പങ്കെടുക്കും. രാവിലെ ഒമ്പതിന് എല്ലാ ദേവീദേവന്മാരെയും ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് ഉപചാരം പറഞ്ഞയയ്ക്കും. തുടര്‍ന്ന് അടുത്ത വര്‍ഷത്തെ പൂരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നതോടെ പൂരത്തിന് പരിസമാപ്തിയാവുകയായി.
കൊച്ചി ദേവസ്വം ബോര്‍ഡും പൂരം സെന്‍ട്രല്‍ കമ്മിറ്റിയും വിവിധ ദേവസ്വങ്ങളും പൂരാഘോഷ കമ്മിറ്റിയുമാണ് പൂരത്തിനുള്ള വിപുലമായ ഏര്‍പ്പാടുകള്‍ നടത്തുന്നത്. ആഗോള ടൂറിസം ഭൂപടത്തില്‍ സ്ഥാനം നേടിയതിനെ തുടര്‍ന്ന് പൂരം വിദേശി ടൂറിസ്റ്റുകളേയും ആകര്‍ഷിച്ചു വരുന്നു.
കേരളത്തിലെ പൂരങ്ങള്‍ക്ക് മാതൃകയായ ആചാരാനുഷ് ഠാനങ്ങളും എഴുന്നള്ളിപ്പിന്റെയും താളമേളങ്ങളുടെയും ചിട്ടവട്ടങ്ങളും വര്‍ണ്ണപ്പൊലിമയുടെയും അലങ്കാരങ്ങളുടെയും വൈവിദ്ധ്യങ്ങളും പെരുവനത്താണ് ആദ്യമുണ്ടായത്.
പൂരത്തിന്റെ പഴക്കം തന്നെ ഇതിന് കാരണം. മുത്തുക്കുടകള്‍, വര്‍ണ്ണക്കുടകള്‍, കുടമാറ്റം, ആനയുടെ നെറ്റിപ്പട്ടം, പാണ്ടിമേളം, പഞ്ചാരിമേളം…… എല്ലാം പെരുവനത്തു നിന്നും നാടാകെ പ്രചരിച്ചു.

"കാശിയില്‍ പകുതി കല്‍‌പാത്തി" ; കല്‍പാത്തി രഥോത്സവം

പാലക്കാട് ജില്ലയിലെ കല്‍‌പാത്തി എന്നാ ഗ്രാമത്തില്‍ വര്‍ഷം തോറും നടത്താറുള്ള ഉത്സവമാണ് കല്‍‌പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് ഈ ഉത്സവം നടത്തി വരുന്നത്. ശിവനും പാര്‍വതിയുമാണ് ഈ ക്ഷേത്രത്തിലെ മൂര്‍ത്തികള്‍. നവംബറില്‍ നടത്തുന്ന പത്തു ദിവസത്തെ ഈ രഥോത്സവം കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവങ്ങളിലൊന്നാണ്.

ഉത്സവത്തിന്റെ ആദ്യത്തെ നാല് ദിവസം വേദ ശാസ്ത്ര പ്രകാരമുള്ള ആചാരാനുഷ്ടാനങ്ങളും വിവിധ കല-സാംസ്കാരിക പരിപാടികളും നടത്തുന്നു. ഇത് 700 വര്ഷം പഴക്കമുള്ളതാനെന്നും പറയപ്പെടുന്നു. അവസാനത്തെ മൂന്ന് ദിവസങ്ങളില്‍ ആയിരകണക്കിന് ഭക്തര്‍ അലങ്കരിച്ച രഥം തെരുവുകളിലൂടെ ഘോഷ യാത്രയായി കൊണ്ട് പോകും .ഇത് അവിസ്മരണീയമായ കാഴ്ചയാണ്.

കല്പാത്തി പുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗംഗയുടെ തീരത്തുള്ള കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം "കാശിയില്‍ പകുതി കല്‍‌പാത്തി" എന്ന ചൊല്ലുണ്ട്. പാലക്കാട്  ടൗണില്‍ നിന്നും 3 കിലോ മീറെര്‍ അകലെയാണ് ഈ ഗ്രാമം. ഈ വര്‍ഷത്തെ രഥോത്സവം കാണണമെങ്കില്‍ നവംബര്‍ 08 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ കല്‍‌പാത്തി സന്ദര്‍ശിച്ചാല്‍ മതി. ­

കരിമീന്‍ പൊള്ളിച്ചത്‌ ...


വിദേശികള്‍ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന കേരളീയ വിഭവം ഏത്‌? സംശയം വേണ്ട, കരിമീന്‍ പൊള്ളിച്ചത്‌ തന്നെ. ആലപ്പുഴയിലും കുമരകത്തും കൊല്ലത്തുമൊക്കെ എത്തുന്ന സഞ്ചാരികള്‍ക്ക്‌ ഏറെ പ്രിയങ്കരമാണ്‌ കരിമീന്‍ പൊള്ളിച്ചത്‌. വിദേശീയര്‍ക്കും സ്വദേശീയര്‍ക്കും ഏറെ പ്രിയങ്കരമായതിനാലാണ്‌ കേരളത്തിന്റെ ഔദ്യോഗിക മല്‍സ്യമായി കരിമീന്‍ തിരഞ്ഞെടുക്കപ്പെട്ടത്‌.കരിമീന്‍ വളര്‍ത്തലിനും മറ്റുമായി പ്രത്യേക പദ്ധതികളാണ്‌ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്‌. ഏറെ സ്വാദിഷ്‌ഠമായ കരിമീന്‍ പൊള്ളിച്ചത്‌ തയ്യാറാക്കുന്നത്‌ എങ്ങനെയെന്ന്‌ നോക്കാം.
1. ഇടത്തരം കരിമീന്‍ മൂന്ന്
2. വാഴയില (തൂശനില) രണ്ട്
3. ഇഞ്ചി ഒരു കഷണം
4. ചുവന്നുള്ളി 50 ഗ്രാം
5. പച്ചമുളക് നാല്
6. കറിവേപ്പില മൂന്ന് തണ്ട്
7. മുളകുപൊടി ഒന്നര ടീസ്​പൂണ്‍
8. മഞ്ഞള്‍പൊടി കാല്‍ ടീസ്​പൂണ്‍
9. വെളിച്ചെണ്ണ ആവശ്യത്തിന്
10. ഉപ്പ് പാകത്തിന്

കരിമീന്‍ വൃത്തിയായി വരഞ്ഞുവെക്കുക. ഉപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ അര ടീസ്​പൂണ്‍ എണ്ണയും ചേര്‍ത്ത് അല്പം വെള്ളത്തില്‍ കുഴച്ച് മീനില്‍ പുരട്ടുക. ഒരു ഫ്രൈയിങ് പാനില്‍ ഒരു തൂശനില വെച്ച് അതില്‍ മീന്‍ നിരത്തിവെക്കുക. ഇഞ്ചി, പച്ചമുളക്, ചുവന്നുള്ളി, കറിവേപ്പില എന്നിവ ഒരു നുള്ള് ഉപ്പും ചേര്‍ത്ത് ചതച്ച് മീനിന്റെ മുകളില്‍ നിരത്തുക. അര ടീസ്​പൂണ്‍ എണ്ണ അതിനു മീതെ ചുറ്റിച്ചൊഴിക്കുക. അതിനു മീതെ അടുത്ത തൂശനില വെച്ചശേഷം പാത്രം കൊണ്ട് മൂടി മൂന്നുനാലു മിനുട്ട് ചെറുതീയില്‍ വേവിക്കുക. അപ്പോഴേക്കും നല്ലൊരു മണം വന്നുതുടങ്ങും. ഇനി മുകളിലത്തെ ഇല മാറ്റി തിരിച്ചിട്ടതിനുശേഷം ബാക്കി എണ്ണ മീനിനു മുകളില്‍ ഒഴിച്ച് ഇലകൊണ്ട് മൂടി വീണ്ടും മൂന്നുമിനുട്ട് വേവിച്ചശേഷം ഇലയോടെ വിളമ്പാം.

ഫാസ്റ്റ് ഫുഡ് മാനിയാ

ന്ത്യയിലെ ഫാസ്റ്റ്ഫുഡ് വ്യാപരരംഗത്ത് ദിനംപ്രതി പതിന്‍മടങ്ങ് വളര്‍ച്ചയാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. അതില്‍ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ഭീമന്‍മാരായ കെഎഫ്‌സി, മക്‌ഡോണാള്‍ഡ്‌സ്,പിസാഹട്ട് എന്നിവര്‍ ഈ മേഖലയില്‍ ഒരു കുത്തക തന്നെ നേടിയെടുത്തു. ഇനിയും നിരവധി വിദേശഭീമന്‍മാര്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ നമ്മുടെ പടിവാതില്‍ക്കലെത്തിയിട്ടുണ്ട്. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ വിദേശ കമ്പനികള്‍ക്ക് അനുയോജ്യമായ തീരുമാനം കൊള്ളുമെന്നാണ് സൂചന. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് ഇന്ത്യയില്‍ നിലവിലുള്ള പല വിദേശ-തദ്ദേശീയ കമ്പനികളും ഒറ്റയ്ക്കും യോജിച്ചുമെല്ലാം തങ്ങളുടെ ഫാസ്റ്റ് ഫുഡ് വ്യാപാര ശൃംഖല വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.

ഇന്ത്യയില്‍ ശക്തമായ അടിത്തറയുള്ള മധ്യവര്‍ഗസമൂഹം, നിലവിലുള്ള 30 കോടിയില്‍ നിന്ന് ക്രമാതീതമായി വളര്‍ച്ച പ്രാപിച്ച് 2025 ആകുമ്പോഴേയ്ക്കും 58 കോടിയിലെത്തുമെന്നാണ് മെക്കന്‍സ്‌ക്കി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യുവാക്കള്‍ കൂടുതലുള്ള ജനസംഖ്യാഘടന, തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിലെ വര്‍ദ്ധന, മാറുന്ന ഉപഭോക്തൃ രീതികള്‍, പാശ്ചാത്ത ജീവിതശൈലിയോടുള്ള അഭിനിവേശം, പട്ടണവാസികളുടെ ഏറിവരുന്ന വരുമാനം, അതിനൊത്ത് മാറുന്ന ജീവിതശൈലി, പ്ലാസ്റ്റിക്ക് മണിയുടെ ബാഹുല്യം (ക്രെഡിറ്റ് കാര്‍ഡ്,ഡെബിറ്റ് കാര്‍ഡ് ) ഇതൊക്കെയാണ് റീട്ടെയ്ല്‍ സെക്ടറിന് ഇന്ത്യയില്‍ വളരാനുള്ള അനുകൂലമായ സാഹചര്യം വേഗം സൃഷ്ടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതിലെ ശ്രദ്ധേയമായത് - ഐടി, അനുബന്ധ മേഖലകള്‍, ബിപിഒ സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് തൊഴിലെടുക്കുന്ന ഇന്ത്യന്‍ യുവത്വം അവര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരുപങ്ക് ആഡംബരത്തിനായി വിനിയോഗിക്കുന്നുവെന്നതാണ്. ഈ രീതി ഇപ്പോള്‍ ഒരു സ്റ്റാറ്റസ് സിമ്പല്‍ എന്നതിലേയ്ക്ക് വളര്‍ന്നു. പലരും ആ രീതി ഇപ്പോള്‍ പിന്തുടര്‍ന്നുകൊണ്ടെയിരിക്കുന്നു. ഈ പ്രതിഭാസം മെട്രോനഗരങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ വികസനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടുന്ന ടയര്‍ -1, ടയര്‍ -2 നഗരങ്ങളിലേയ്ക്കും അതിവേഗം വ്യാപിക്കും. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള ടയര്‍ -1, ടയര്‍ -2 നഗരങ്ങള്‍ കേന്ദ്രീകരിച്ച് വ്യവസായ ശൃംഖലകള്‍ കെട്ടിപ്പടുക്കാന്‍ നിരവധി ഐടി കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. അത് യാഥാര്‍ത്ഥ്യത്തിലെത്തിയാല്‍ അവിടങ്ങളിലെ സാമ്പത്തികരംഗവും പുരോഗമിയ്ക്കും. അത് ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നവീന വിവര സാങ്കേതിക വിപ്ലവത്തിന്റെ ഈ കാലഘട്ടത്തില്‍ മികച്ച വരുമാനം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതോടെ ഭൂരിഭാഗം സ്ത്രീകളും മറ്റും തൊഴിലെടുക്കാന്‍ സന്നദ്ധരാകുന്ന അന്തരീക്ഷം നമ്മുടെ രാജ്യത്ത് ഉണ്ടായി. ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ നമ്മുടെ അടുക്കളകള്‍ കേന്ദ്രീകരിച്ചുള്ള പാചക രീതി വിട്ട് 'പുറത്തുപോയി ഭക്ഷണം കഴിക്കല്‍' (eating out ) എന്ന പുതിയ സാമൂഹിക പരിണാമത്തിന്റെ ഭാഗമായി നാം മാറി. നഗരകേന്ദ്രീകൃതമായ കുടുംബങ്ങളില്‍ മൊട്ടിട്ട ഈറ്റിംഗ് ഔട്ട് പ്രവണത ഗ്രാമങ്ങളിലേയ്ക്കും പടര്‍ന്നു കഴിഞ്ഞു. ഇതൊക്കെ നിരീക്ഷിച്ചറിഞ്ഞ ഫാസ്റ്റ്ഫുഡ് രംഗത്തെ വിദേശ-തദ്ദേശീയ കമ്പനികള്‍  തങ്ങളുടെ തന്ത്രങ്ങള്‍ പയറ്റി നമ്മുടെ അടുക്കളളെ അവരുടെ ഹോട്ടല്‍മുറികളിലെ തീന്‍മേശയിലേക്ക് മാറ്റിപാര്‍പ്പിച്ചു. പുറത്തുപോയി ഭക്ഷണം കഴിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 20 ശതമാനത്തോളം വളര്‍ച്ചയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.

ശാസ്ത്രീയമായ വിപണന തന്ത്രങ്ങള്‍ ഈ മേഖലയില്‍ വ്യാപകമായി നടക്കുന്നുണ്ട്. പ്രത്യേകിച്ച് ഇന്ത്യന്‍ ഫാസ്റ്റ് ഫുഡ് മേഖലയില്‍ നിലനില്‍ക്കുന്ന വിദേശ കമ്പനികള്‍ നമ്മുടെ ഒരു ഉത്പന്നത്തെ എടുത്ത് അതില്‍ അവരുടെ രുചിയില്‍ ലഭ്യമാക്കുന്ന രീതി വ്യാപകമായുണ്ട്. തന്തൂരി പിസ, മാക് ആലു ടിക്കി തുടങ്ങിയ ഉത്പന്നങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. അത്തരത്തില്‍ മത്സരം പ്രകടമായ ഈ ഫാസ്റ്റ് ഫുഡ് വിപണിയില്‍ അന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് വ്യക്തമായ ഗുണനിലവാരവും പ്രവര്‍ത്തന രീതിയും പ്രകടിപ്പിക്കാതെ വിദേശ കുത്തകകളോട് ഏറ്റുമുട്ടി പിടിച്ചു നില്‍ക്കാനാവില്ല. അപ്പോള്‍ ഇന്ത്യന്‍കമ്പനികളും ഈ റീട്ടെയ്ല്‍ ഫാസ്റ്റ് ഫുഡ് വിപ്ലവത്തില്‍ പുതിയ സാധ്യതകളുമായി രംഗത്തെത്തും.
പുതുതായി ഉടലെടുത്ത മാള്‍ സംസ്‌കാരവും ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്ക് കൂടുതല്‍ ഉണര്‍വും കരുത്തുമാണ് നല്‍കിയിട്ടുള്ളത്. എല്ലാ മാളുകളിലും ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സാന്നിധ്യമാണുള്ളത്. ഇത്രയൊക്കെയാണെങ്കിലും ഈ ഫാസ്റ്റ് ഫുഡ് വ്യാപാര മേഖലയ്ക്ക് കുറെ വഴികള്‍  ഇനിയും സഞ്ചരിക്കാനുണ്ട്.