ആകെ പേജ്‌കാഴ്‌ചകള്‍

2013, മാർച്ച് 28, വ്യാഴാഴ്‌ച

ഹൊഗനക്കല്‍- കാനനഛായയില്‍ കളിവള്ളം തുഴയാന്‍

വന്‍മരങ്ങളുടെ കാനനഛായ. പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ നിന്ന് പരന്നൊഴുകുന്ന കാവേരി, ചിന്നച്ചിതറി താഴേക്ക് പതിക്കുന്ന അനേകം ജലപാതങ്ങളാണ് ഹൊഗനക്കലിന്റെ സൗന്ദര്യം.
മനസ്സില്‍ സന്തോഷം നുരയിടുംവിധം പതഞ്ഞൊഴുകുന്ന കാവേരിനദിയിലെ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍. കാടിന്റെയും നാടിന്റെയും പച്ചപ്പ്. കാര്‍ഷിക സംസ്‌കൃതിയുടെ വിശാലത. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിരയിലേക്ക് അതിവേഗം വണ്ടികയറിയെത്തിയ ഹൊഗനക്കല്‍ എന്ന കൊച്ചു ഗ്രാമത്തെ എങ്ങനെ വേണമെങ്കിലും വിശേഷിപ്പിക്കാം. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലാണ് ഹൊഗനക്കല്‍.

കൊട്ടവള്ളം കയറിയുള്ള സാഹസികയാത്രയാണ് ഹൊഗനക്കലിലെത്തുന്നവര്‍ക്കുള്ള ഏറ്റവും വലിയ സമ്മാനം.
തമിഴന്‍ പെരിസല്‍ എന്നു വിളിക്കുന്ന കൊട്ടവള്ളത്തിന് ഏതാണ്ട് രണ്ടര മീറ്റര്‍ വ്യാസം വരും. അഞ്ചാള്‍ക്ക് സുഖമായിരിക്കാം. ചമ്രക്കാലും പൂട്ടിയിരിക്കണം. ഒരു പ്രത്യേക രീതിയില്‍ മുട്ടുകുത്തിയിരുന്നാണ് ഒറ്റത്തുഴ വച്ച് തോണിക്കാരന്‍ വള്ളമൂന്നുന്നത്.
മുളകീറിയത് വരിഞ്ഞാണ് കുട്ടവള്ളമുണ്ടാക്കുന്നത്. അടിയില്‍ വെള്ളം കയറാതിരിക്കാന്‍ പ്‌ളാസ്റ്റിക് വച്ചുകെട്ടും. പുറത്തായി താറും ഉരുക്കിച്ചേര്‍ക്കും. ഒരരുകില്‍ കെട്ടിവച്ച തുഴ ഉപയോഗിച്ചാണ് തുഴയുന്നത്. തീരെ ആഴം കുറഞ്ഞ സ്ഥലങ്ങളില്‍ യാത്രക്കാരെ ഇറക്കി, തുഴച്ചില്‍കാരന്‍ കുട്ടവള്ളം ചുമന്നുകൊണ്ട് നടക്കും.

വിശാലമായി പരന്നൊഴുകുന്ന കാവേരി ഹൊഗനക്കലിലെത്തുമ്പോള്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നേര്‍ത്ത് കൂടുതല്‍ വന്യമാകും. ഒപ്പം കുഞ്ഞുകുഞ്ഞു വെള്ളച്ചാട്ടങ്ങളും. നഭപുകയുന്ന പാറനഭ എന്നാണ് ഹൊഗനക്കലിന്റെ അര്‍ഥം. കണ്ടിട്ടുള്ളവര്‍ക്ക് അതില്‍ സംശയം തോന്നുകയേയില്ല. വെള്ളച്ചാട്ടങ്ങള്‍ ചിതറുന്ന നീര്‍കണങ്ങള്‍ മഞ്ഞിന്റെയോ പുകയുടേയോ നേര്‍ത്ത ആവരണമായി മാത്രമേ കാണാനാകൂ. മേല്‍ഗിരി മലകളില്‍ ട്രക്കിങ്ങിനും അവസരമുണ്ട്.

ഹൊഗനക്കലില്‍ പോകാന്‍ പറ്റിയ സമയം, ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌.

എത്തിച്ചേരാന്‍, ബാംഗളൂര്‍, 124 കിലോമീറ്റര്‍, യേര്‍ക്കാട്‌, 114 കിലോമീറ്റര്‍.

സേലമാണ് അടുത്ത റെയില്‍വേസ്റ്റേഷന്‍. ഇവിടെനിന്ന് 114 കിലോമീറ്ററാണ് ദൂരം. എറണാകുളത്തുനിന്ന് പാലക്കാടുവഴി വടക്കോട്ടു പോകുന്ന ദുരന്തോ ഒഴികെയുള്ള മിക്കവാറും ട്രെയിനുകള്‍ക്കും സേലത്ത് സ്റ്റോപ്പുണ്ട്. ആറരമുതല്‍ ഏഴര മണിക്കൂര്‍ വരെ ട്രെയിന്‍യാത്രയ്‌ക്കെടുക്കും. സേലം -മേച്ചേരി -പെണ്‍നഗരം വഴി ഹൊഗനക്കലിലെത്താം. 1500 രൂപയാണ് ടാക്‌സിനിരക്ക്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ