ആകെ പേജ്‌കാഴ്‌ചകള്‍

2013, ഫെബ്രുവരി 24, ഞായറാഴ്‌ച

ഫാസ്റ്റ് ഫുഡ് മാനിയാ

ന്ത്യയിലെ ഫാസ്റ്റ്ഫുഡ് വ്യാപരരംഗത്ത് ദിനംപ്രതി പതിന്‍മടങ്ങ് വളര്‍ച്ചയാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. അതില്‍ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ഭീമന്‍മാരായ കെഎഫ്‌സി, മക്‌ഡോണാള്‍ഡ്‌സ്,പിസാഹട്ട് എന്നിവര്‍ ഈ മേഖലയില്‍ ഒരു കുത്തക തന്നെ നേടിയെടുത്തു. ഇനിയും നിരവധി വിദേശഭീമന്‍മാര്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ നമ്മുടെ പടിവാതില്‍ക്കലെത്തിയിട്ടുണ്ട്. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ വിദേശ കമ്പനികള്‍ക്ക് അനുയോജ്യമായ തീരുമാനം കൊള്ളുമെന്നാണ് സൂചന. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് ഇന്ത്യയില്‍ നിലവിലുള്ള പല വിദേശ-തദ്ദേശീയ കമ്പനികളും ഒറ്റയ്ക്കും യോജിച്ചുമെല്ലാം തങ്ങളുടെ ഫാസ്റ്റ് ഫുഡ് വ്യാപാര ശൃംഖല വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.

ഇന്ത്യയില്‍ ശക്തമായ അടിത്തറയുള്ള മധ്യവര്‍ഗസമൂഹം, നിലവിലുള്ള 30 കോടിയില്‍ നിന്ന് ക്രമാതീതമായി വളര്‍ച്ച പ്രാപിച്ച് 2025 ആകുമ്പോഴേയ്ക്കും 58 കോടിയിലെത്തുമെന്നാണ് മെക്കന്‍സ്‌ക്കി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യുവാക്കള്‍ കൂടുതലുള്ള ജനസംഖ്യാഘടന, തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിലെ വര്‍ദ്ധന, മാറുന്ന ഉപഭോക്തൃ രീതികള്‍, പാശ്ചാത്ത ജീവിതശൈലിയോടുള്ള അഭിനിവേശം, പട്ടണവാസികളുടെ ഏറിവരുന്ന വരുമാനം, അതിനൊത്ത് മാറുന്ന ജീവിതശൈലി, പ്ലാസ്റ്റിക്ക് മണിയുടെ ബാഹുല്യം (ക്രെഡിറ്റ് കാര്‍ഡ്,ഡെബിറ്റ് കാര്‍ഡ് ) ഇതൊക്കെയാണ് റീട്ടെയ്ല്‍ സെക്ടറിന് ഇന്ത്യയില്‍ വളരാനുള്ള അനുകൂലമായ സാഹചര്യം വേഗം സൃഷ്ടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതിലെ ശ്രദ്ധേയമായത് - ഐടി, അനുബന്ധ മേഖലകള്‍, ബിപിഒ സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് തൊഴിലെടുക്കുന്ന ഇന്ത്യന്‍ യുവത്വം അവര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരുപങ്ക് ആഡംബരത്തിനായി വിനിയോഗിക്കുന്നുവെന്നതാണ്. ഈ രീതി ഇപ്പോള്‍ ഒരു സ്റ്റാറ്റസ് സിമ്പല്‍ എന്നതിലേയ്ക്ക് വളര്‍ന്നു. പലരും ആ രീതി ഇപ്പോള്‍ പിന്തുടര്‍ന്നുകൊണ്ടെയിരിക്കുന്നു. ഈ പ്രതിഭാസം മെട്രോനഗരങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ വികസനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടുന്ന ടയര്‍ -1, ടയര്‍ -2 നഗരങ്ങളിലേയ്ക്കും അതിവേഗം വ്യാപിക്കും. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള ടയര്‍ -1, ടയര്‍ -2 നഗരങ്ങള്‍ കേന്ദ്രീകരിച്ച് വ്യവസായ ശൃംഖലകള്‍ കെട്ടിപ്പടുക്കാന്‍ നിരവധി ഐടി കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. അത് യാഥാര്‍ത്ഥ്യത്തിലെത്തിയാല്‍ അവിടങ്ങളിലെ സാമ്പത്തികരംഗവും പുരോഗമിയ്ക്കും. അത് ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നവീന വിവര സാങ്കേതിക വിപ്ലവത്തിന്റെ ഈ കാലഘട്ടത്തില്‍ മികച്ച വരുമാനം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതോടെ ഭൂരിഭാഗം സ്ത്രീകളും മറ്റും തൊഴിലെടുക്കാന്‍ സന്നദ്ധരാകുന്ന അന്തരീക്ഷം നമ്മുടെ രാജ്യത്ത് ഉണ്ടായി. ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ നമ്മുടെ അടുക്കളകള്‍ കേന്ദ്രീകരിച്ചുള്ള പാചക രീതി വിട്ട് 'പുറത്തുപോയി ഭക്ഷണം കഴിക്കല്‍' (eating out ) എന്ന പുതിയ സാമൂഹിക പരിണാമത്തിന്റെ ഭാഗമായി നാം മാറി. നഗരകേന്ദ്രീകൃതമായ കുടുംബങ്ങളില്‍ മൊട്ടിട്ട ഈറ്റിംഗ് ഔട്ട് പ്രവണത ഗ്രാമങ്ങളിലേയ്ക്കും പടര്‍ന്നു കഴിഞ്ഞു. ഇതൊക്കെ നിരീക്ഷിച്ചറിഞ്ഞ ഫാസ്റ്റ്ഫുഡ് രംഗത്തെ വിദേശ-തദ്ദേശീയ കമ്പനികള്‍  തങ്ങളുടെ തന്ത്രങ്ങള്‍ പയറ്റി നമ്മുടെ അടുക്കളളെ അവരുടെ ഹോട്ടല്‍മുറികളിലെ തീന്‍മേശയിലേക്ക് മാറ്റിപാര്‍പ്പിച്ചു. പുറത്തുപോയി ഭക്ഷണം കഴിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 20 ശതമാനത്തോളം വളര്‍ച്ചയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.

ശാസ്ത്രീയമായ വിപണന തന്ത്രങ്ങള്‍ ഈ മേഖലയില്‍ വ്യാപകമായി നടക്കുന്നുണ്ട്. പ്രത്യേകിച്ച് ഇന്ത്യന്‍ ഫാസ്റ്റ് ഫുഡ് മേഖലയില്‍ നിലനില്‍ക്കുന്ന വിദേശ കമ്പനികള്‍ നമ്മുടെ ഒരു ഉത്പന്നത്തെ എടുത്ത് അതില്‍ അവരുടെ രുചിയില്‍ ലഭ്യമാക്കുന്ന രീതി വ്യാപകമായുണ്ട്. തന്തൂരി പിസ, മാക് ആലു ടിക്കി തുടങ്ങിയ ഉത്പന്നങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. അത്തരത്തില്‍ മത്സരം പ്രകടമായ ഈ ഫാസ്റ്റ് ഫുഡ് വിപണിയില്‍ അന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് വ്യക്തമായ ഗുണനിലവാരവും പ്രവര്‍ത്തന രീതിയും പ്രകടിപ്പിക്കാതെ വിദേശ കുത്തകകളോട് ഏറ്റുമുട്ടി പിടിച്ചു നില്‍ക്കാനാവില്ല. അപ്പോള്‍ ഇന്ത്യന്‍കമ്പനികളും ഈ റീട്ടെയ്ല്‍ ഫാസ്റ്റ് ഫുഡ് വിപ്ലവത്തില്‍ പുതിയ സാധ്യതകളുമായി രംഗത്തെത്തും.
പുതുതായി ഉടലെടുത്ത മാള്‍ സംസ്‌കാരവും ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്ക് കൂടുതല്‍ ഉണര്‍വും കരുത്തുമാണ് നല്‍കിയിട്ടുള്ളത്. എല്ലാ മാളുകളിലും ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സാന്നിധ്യമാണുള്ളത്. ഇത്രയൊക്കെയാണെങ്കിലും ഈ ഫാസ്റ്റ് ഫുഡ് വ്യാപാര മേഖലയ്ക്ക് കുറെ വഴികള്‍  ഇനിയും സഞ്ചരിക്കാനുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ