ആകെ പേജ്‌കാഴ്‌ചകള്‍

2013, മാർച്ച് 28, വ്യാഴാഴ്‌ച

ആഗുംബെ: ചാറ്റല്‍മഴയുടെ കൈപിടിച്ച് പിന്നെ...



ആഗുംബെയിലെ ചാറ്റല്‍മഴ
ണ്‍സൂണ്‍ ടൂറിസത്തിന്റെ നുത്ത സൗന്ദര്യം ആസ്വദിക്കാന്‍ കൊതിക്കുന്നവരെ കാത്ത് മഴയുടെ പട്ടുനൂലുകളൊരുക്കി ആഗുംബെ കാത്തിരിക്കുന്നു. വേനലിന്റെ കാഠിന്യത്തില്‍നിന്നും ഉണര്‍വുനേടാന്‍ ആഗുംബെയിലൂടെ ചാറ്റല്‍മഴയുടെ കൈപിടിച്ച് മെല്ലെയുള്ള നടത്തത്തെക്കാള്‍ നല്ല ഔഷധം ലഭ്യമല്ലെന്ന് ഒരിക്കലെങ്കിലും ഇവിടെയെത്തിയിട്ടുള്ളവരുടെ സാക്ഷ്യപത്രം. പോയകാലം സമ്മാനിച്ച നഷ്ടങ്ങളുടെ ഓര്‍മകള്‍ കഴുകിമാറ്റാന്‍ ആഗുംബെയിലെ പുലര്‍കാലങ്ങളില്‍ വന്നുനിറയുന്ന നേര്‍ത്ത മഞ്ഞുതന്നെ ധാരാളം. കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലാണ് പ്രകൃതിസ്നേഹികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ ആഗുംബെ. ഷിമോഗ, ഉഡുപ്പി ജില്ലകളുടെ അതിര്‍ത്തിയില്‍ പശ്ചിമഘട്ട മലനിരകളുടെ മുഴുവന്‍ സന്ദര്യവും ഉള്‍ച്ചേര്‍ന്ന നിത്യഹരിത വനപ്രദേശം. ചിറാപ്പുഞ്ചിക്കു തൊട്ടുപിന്നില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന സ്ഥലംകൂടിയാണ് ആഗുംബെ. ആര്‍ കെ നാരായന്റെ മാല്‍ഗുഡി ഡേയ്‌സിലെ മാല്‍ഗുഡിക്ക് ദൃശ്യഭംഗി പകര്‍ന്നതും മറ്റെങ്ങുമല്ല.

ട്രക്കിങ്

പ്രകൃതിഭംഗി കഴിഞ്ഞാല്‍ ഏറ്റവുമധികം സഞ്ചാരികളെ ആഗുംബേയിലേക്ക് ആകര്‍ഷിക്കുന്നത് ട്രക്കിങ്ങാണ്.നരസിംഹപര്‍വതം വഴി ശൃംഗേരിയിലേക്കുള്ള ട്രക്കിങ് ജീവിതത്തിലെ ഏറ്റവും മനോഹരവും സാഹസികവുമായ നിമിഷങ്ങളായിരിക്കും സമ്മാനിക്കുകയെന്ന് സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. നരസിംഹപര്‍വതത്തില്‍നിന്നുള്ള സൂര്യാസ്തമയദൃശ്യവും മറക്കാനാകാത്തതായിരിക്കും. മനുഷ്യന്റെ കോടാലിക്കൈകളില്‍നിന്ന് ആഗുംബെയിലെ മഴക്കാടുകളെ വലിയൊരളവുവരെ സംരക്ഷിക്കുന്നത് നാഗരാജാവാണെന്നു പറഞ്ഞാലും തെറ്റില്ല.

ദക്ഷിണേന്ത്യയില്‍ത്തന്നെ ഏറ്റവുമധികം രാജവെമ്പാലകളുള്ളത് ആഗുംബെയിലെ മഴക്കാടുകളിലാണ്. കൂടാതെ കടുവ, പുള്ളിപ്പുലി, ആന, വിവിധയിനം മാനുകള്‍, കരടി തുടങ്ങിയവയുടെയും പ്രിയപ്പെട്ട ഇടമാണ് ഇവിടം. ദക്ഷിണേന്ത്യയിലെ മഴക്കാടുകളെക്കുറിച്ചു പഠിക്കുന്ന ആഗുംബെ റെയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷന്‍ ലോകത്തെതന്നെ ആദ്യ രാജവെമ്പാലസംരക്ഷണകേന്ദ്രമായി പ്രദേശത്തെ മാറ്റാന്‍ ലക്ഷ്യമിടുന്നു.

ഇതുവഴി പോകാം

കൊച്ചിയില്‍നിന്ന് എന്‍എച്ച് 17ലൂടെ മംഗളൂരുവിനുസമീപം വാമഞ്ചൂര്‍, മൂഡബിദ്രി, വാറങ്ക, സോമേശ്വര്‍വഴി ആഗുംബെയിലെത്താം.550 കിലോമീറ്ററാണ് ദൂരം. കൊങ്കണ്‍പാതയില്‍ ഉഡുപ്പിയാണ് ഏറ്റവുമടുത്ത റെയില്‍വേസ്റ്റേഷന്‍. ഇവിടെനിന്ന് 54 കിലോമീറ്ററുണ്ട് ആഗുംബെയിലേക്ക്.


കടപ്പാട്: ദേശാഭിമാനി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ