ആകെ പേജ്‌കാഴ്‌ചകള്‍

2013, മാർച്ച് 28, വ്യാഴാഴ്‌ച

'ചിദംബരം' കല്ലില്‍ കടഞ്ഞ കവിതപോലെ

വിസ്മയ കാഴ്ചകളൊരുക്കി ശില്‍പ്പഭംഗിയുടെ ദക്ഷിണേന്ത്യന്‍ കാഴ്ചകളില്‍ അദ്വിതീയമാണ് ചിദംബരം നടരാജക്ഷേത്രം. 40 ഏക്കറിലധികം ഭൂമിയില്‍ ശില്‍പ്പസൗന്ദര്യം പേറുന്ന ക്ഷേത്രസമുച്ചയം. ആനന്ദതാണ്ഡവമാടിയ നടരാജമൂര്‍ത്തി സര്‍വപ്രതാപങ്ങളോടെയും വാഴുന്നുവെന്ന് സങ്കല്‍പ്പിക്കപ്പെടുന്ന ദക്ഷിണേന്ത്യയിലെത്തന്നെ മഹാക്ഷേത്രങ്ങളിലൊന്ന്.

ചിദംബരം പട്ടണത്തിന്റെ കേന്ദ്രമായി 40 ഏക്കറിലധികം സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കേ ഗോപുരത്തില്‍ത്തന്നെ ചോളസാമ്രാജ്യത്തിന്റെ ക്ഷേത്രനിര്‍മാണ വൈദഗ്ധ്യം പ്രകടമാണ്.

ഭരതനാട്യത്തിലെ 108 കരണങ്ങള്‍ ഗോപുരത്തില്‍ കല്ലില്‍ കടഞ്ഞ കവിതപോലെ കൊത്തിവച്ചിരിക്കുന്നു. ക്ഷേത്രത്തിനുള്ളില്‍ കടന്നാല്‍ ആദ്യം ദൃശ്യമാവുക പ്രസിദ്ധമായ ആയിരംകാല്‍ മണ്ഡപമാണ്. മണ്ഡപം കടന്നുചെല്ലുന്നിടത്ത് പ്രധാന പ്രതിഷ്ഠയായ ആനന്ദതാണ്ഡവ സങ്കല്‍പ്പത്തിലെ നടരാജവിഗ്രഹം. സഭകളെന്നറിയപ്പെടുന്ന മണ്ഡപങ്ങളാണ് മറ്റൊരു പ്രത്യേകത. ശ്രീകോവില്‍ ചിത്സഭയെന്നറിയപ്പെടുന്നു. മുകളില്‍ 26,000 ലധികം സ്വര്‍ണഇലകള്‍കൊണ്ടു പൊതിഞ്ഞ ചിത്സഭ ദൃശ്യവിസ്മയംതന്നെ സമ്മാനിക്കും.


കൊടിമരത്തോടു ചേര്‍ന്ന് നൃത്തസഭ. ആയിരംകാല്‍ മണ്ഡപം രാജസഭയാണ്. ഇതിനോടുചേര്‍ന്ന് ദേവസഭയും. എല്ലാം കൊത്തുപണികളാല്‍ സമ്പുഷ്ടം.

ശിവഗംഗയെന്നറിയപ്പെടുന്ന ക്ഷേത്രക്കുളമാണ് മറ്റൊരു ആകര്‍ഷണം. പിതൃതര്‍പ്പണത്തിനും മറ്റുമായി നിരവധി ഭക്തര്‍ ദിവസേന ഇവിടെയെത്തുന്നു.

 എറണാകുളത്തുനിന്ന് പാലക്കാട്, കോയമ്പത്തൂര്‍, സേലംവഴി 520 കിലോമീറ്ററുണ്ട്. കോതമംഗലം, നേര്യമംഗലം, അടിമാലി, പൂപ്പാറ, ബോഡിനായ്ക്കന്നൂര്‍, തേനിവഴിയോ ഇടുക്കി, കുമളി, കമ്പംതേനി, തേനിവഴിയോ തിരുച്ചിറപ്പിള്ളിയിലെത്തിയും ചിദംബരത്തെത്താം. 560 കിലോമീറ്ററുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ