ആകെ പേജ്‌കാഴ്‌ചകള്‍

2013, ഫെബ്രുവരി 24, ഞായറാഴ്‌ച

വെടിക്കെട്ടില്ലെങ്കിലും ആറാട്ടുപുഴ പൂരം കെങ്കേമം

കേരളത്തിലെ ഏറ്റവും പുരാതനമായ പൂരോത്സവമാണ് ആറാട്ടുപുഴയിലെ അയ്യപ്പ (ശാസ്താവ്) ക്ഷേത്രത്തിലേത്. അറുപതോളം ആനകള്‍ നെറ്റിപ്പട്ടമണിഞ്ഞ് മുത്തുക്കുടചൂടി അണിനിരക്കുന്ന അപൂര്‍വമായ ദൃശ്യവിസ്മയമാണിത്. സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്നുള്ള ദേവീദേവന്മാര്‍ ആനപ്പുറത്തേറി ആറാട്ടുപുഴ ശാസ്താവിന്റെ തിരുമുറ്റത്തെത്തുന്നതാണ് ഈ ഉത്സവം. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ നിന്നുള്ള തൃപ്രയാറപ്പനുമായി അവിടത്തെ ഗജവീരന്‍ കൂടി എത്തുന്നതോടെ പൂരം മാസ്മര പ്രഭയോടെ ഉച്ചസ്ഥായിയിലെത്തും.
തൃശൂര്‍ ടൗണില്‍ നിന്നും പതിനാല് കിലോമീറ്റര്‍ തെക്കുമാറിയാണ് പെരുവനം ആറാട്ടുപുഴ ക്ഷേത്രം. ശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ. പൂരം നടക്കുന്ന അപൂര്‍വം ശാസ്താ ക്ഷേത്രങ്ങളില്‍ ഒന്ന് എന്ന പെരുമയും ഇതിനുണ്ട്.ഏറ്റവുമധികം ദേവീ ദേവന്മാരും ആനകളും പങ്കെടുക്കുന്ന ആറാട്ടുപുഴ പൂരം കൊണ്ടാടുന്നു. ആറാട്ടുപുഴയിലെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിനു മുന്നിലെ വിശാലമായ പാടത്ത് രാത്രിയാണ് പൂരം നടക്കുന്നത്.പഴക്കം, പെരുമ, വലുപ്പം, ആചാരങ്ങള്‍, ആനകളുടെ എണ്ണം ഇവയെല്ലാം കൊണ്ടാണ് ആറാട്ടുപുഴ പൂരം കേമമാവുന്നത്. ഇവിടെ പൂരത്തിന് വെടിക്കെട്ടില്ല എന്നത് ശ്രദ്ധേയമാണ്.
പരശുരാമന്‍ കേരളത്തെ 64 ഗ്രാമങ്ങളാക്കി വിഭജിച്ചു എന്നാണല്ലോ ഐതിഹ്യം. അതില്‍ പ്രധാനമാണ് പെരുവനം. ആറാട്ടുപുഴ ക്ഷേത്ര ചുവരില്‍ കൊത്തിയ ‘ആയതു ശിവലോകം’ എന്ന സംഖ്യാ വാചകം ക്രിസ്തു വര്‍ഷം 583 ല്‍ ക്ഷേത്രം പണിതു എന്ന് സൂചന നല്‍കുന്നു.
ആറാട്ടുപുഴയില്‍ ഏഴു ദിവസത്തെ ഉല്‍സവമാണ്. ആറാം ദിവസമാണ് പൂരം. ഏഴാം നാള്‍ ആറാട്ടോടെ സമാപനം. മുമ്പ് 108 ക്ഷേത്രങ്ങളില്‍ നിന്നുള്ള 108 ദേവന്മാര്‍ പൂരത്തിന് പങ്കെടുത്തിരുന്നു. ഇന്നത് 61 ക്ഷേത്രങ്ങളില്‍ നിന്നുള്ളതായി ചുരുങ്ങി. 28 ദിവസമുണ്ടായിരുന്ന പൂരം ഏഴു ദിവസമായി. മുമ്പ്100 ആനകളുണ്ടായിരുന്നു. ഇപ്പോഴത് 61 ആയി.
പെരുവനം ഗ്രാമത്തിന്റെ നാലതിര്‍ത്തികളിലായി ഓരോ ശാസ്താ ക്ഷേത്രങ്ങളുണ്ട്. വടക്ക് അകമല, കിഴക്ക് കുതിരാന്‍, തെക്ക് ഊഴത്ത്, പടിഞ്ഞാറ് എടത്തിരുത്തി. ഇവയും പൂരത്തില്‍ സജീവമായി പങ്കെടുക്കുന്നു.
ആറാട്ടുപുഴ ശാസ്താവിനെ കാണാന്‍ പൂരം നാളില്‍ നാനാദിക്കില്‍ നിന്നും ദേവതമാര്‍ പല നേരത്തായി ക്ഷേത്രത്തിലെത്തുന്നു. അന്ന് ആറാട്ടുപുഴ ശാസ്താവിനാണ് പ്രാധാന്യം. എന്നാല്‍ പിറ്റേന്നു നടക്കുന്ന ഉല്‍സവത്തില്‍ തൃപ്രയാര്‍ തേവര്‍ക്കാണ് സ്ഥാനം. പെരുവനം മഹാദേവര്‍ ക്ഷേത്രത്തിലെ ഇരട്ടിയപ്പന്‍ പൂരം ഘോഷയാത്രയില്‍ പുറത്തെഴുന്നള്ളാറില്ല എന്നത് ശ്രദ്ദേയമാണ്.
ഒരാഴ്ചത്തെ പൂരം പുറപ്പാടിനു പരിസമാപ്തി കുറിച്ചുകൊണ്ട് നടക്കുന്ന പൂരത്തില്‍ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് ആദ്യം എഴുന്നെള്ളും. വൈകിട്ട് ആറു മണിക്ക് ഒമ്പത് ഗജവീരന്മാരുടെ അകമ്പടിയോടെയാണ് ശാസ്താവ് എഴുന്നെള്ളുക. പാഞ്ചാരിമേളം എഴുന്നെള്ളത്തിന് മാറ്റ് കൂട്ടും.
തുടര്‍ന്ന് മറ്റു ദേവീദേവന്മാരുടെ എഴുന്നെള്ളത്താണ് . തൃപ്രയാര്‍ തേവര്‍, ഊരകത്തമ്മ തിരുവടി, ചേര്‍പ്പ് , അന്തിക്കാട്, തൊട്ടിപ്പാള്‍, പിഷാരിക്കല്‍, എടക്കുന്നി, അയ്യുന്ന്, തൈക്കാട്ടുശേരി, കടുപ്പശേരി, ചൂരക്കോട്, പുന്നിലാര്‍കാവ്, കാട്ടുപിഷാരിക്കല്‍ എന്നീ ഭഗവതിമാരും ചാത്തക്കുടത്ത് , ചക്കംകുളങ്ങര, കോടന്നൂര്, നാങ്കുളം, മാട്ടില്‍, നെട്ടിശേരി , കല്ലേലി, ചിറ്റിച്ചാത്തക്കുടം, മേടംകുളം എന്നീ ശാസ്താക്കന്മാരുമാണ് പൂരത്തില്‍ പങ്കെടുക്കുന്നത്.
എഴുന്നെള്ളത്തുകള്‍ക്കു ശേഷം വെടിക്കെട്ടുണ്ടായിരിക്കും. പുലര്‍ച്ചെ മൂന്നിന് കൂട്ടിയെഴുന്നെള്ളിപ്പ്. രാജകീയ പ്രൗഢിയോടെ തൃപ്രയാര്‍ തേവരും ഇടത്തുഭാഗത്ത് ചാത്തക്കുടത്ത് ശാസ്താവിനോടൊപ്പം ഊരകത്തമ്മ തിരുവടിയും വലത്തുഭാഗത്ത് ചേര്‍പ്പ് ഭഗവതിയും എഴുന്നെള്ളും. കൂട്ടിയെഴുന്നെള്ളിപ്പിന് 71 ആനകളാണ് അണി നിരക്കുക.
കൂട്ടിയെഴുന്നെള്ളിപ്പിനെ പ്രദക്ഷിണം വച്ചു ഭക്തര്‍ മന്ദാരം കടവില്‍ ദേവീദേവന്മാരുടെ ആറാട്ടിലും പങ്കെടുക്കും. രാവിലെ ഒമ്പതിന് എല്ലാ ദേവീദേവന്മാരെയും ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് ഉപചാരം പറഞ്ഞയയ്ക്കും. തുടര്‍ന്ന് അടുത്ത വര്‍ഷത്തെ പൂരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നതോടെ പൂരത്തിന് പരിസമാപ്തിയാവുകയായി.
കൊച്ചി ദേവസ്വം ബോര്‍ഡും പൂരം സെന്‍ട്രല്‍ കമ്മിറ്റിയും വിവിധ ദേവസ്വങ്ങളും പൂരാഘോഷ കമ്മിറ്റിയുമാണ് പൂരത്തിനുള്ള വിപുലമായ ഏര്‍പ്പാടുകള്‍ നടത്തുന്നത്. ആഗോള ടൂറിസം ഭൂപടത്തില്‍ സ്ഥാനം നേടിയതിനെ തുടര്‍ന്ന് പൂരം വിദേശി ടൂറിസ്റ്റുകളേയും ആകര്‍ഷിച്ചു വരുന്നു.
കേരളത്തിലെ പൂരങ്ങള്‍ക്ക് മാതൃകയായ ആചാരാനുഷ് ഠാനങ്ങളും എഴുന്നള്ളിപ്പിന്റെയും താളമേളങ്ങളുടെയും ചിട്ടവട്ടങ്ങളും വര്‍ണ്ണപ്പൊലിമയുടെയും അലങ്കാരങ്ങളുടെയും വൈവിദ്ധ്യങ്ങളും പെരുവനത്താണ് ആദ്യമുണ്ടായത്.
പൂരത്തിന്റെ പഴക്കം തന്നെ ഇതിന് കാരണം. മുത്തുക്കുടകള്‍, വര്‍ണ്ണക്കുടകള്‍, കുടമാറ്റം, ആനയുടെ നെറ്റിപ്പട്ടം, പാണ്ടിമേളം, പഞ്ചാരിമേളം…… എല്ലാം പെരുവനത്തു നിന്നും നാടാകെ പ്രചരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ